പെനാൽറ്റി വിവാദം വീണ്ടും കത്തുന്നു,അർജന്റീനക്ക് പെനാൽറ്റി നൽകിയ തീരുമാനത്തിൽ റഫറിക്കെതിരെ വിമർശനവുമായി ലൂക്ക മോഡ്രിച്ച് |Qatar 2022
ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി വിധിച്ച റഫറിയുടെ തീരുമാനത്തെ വിമർശിച്ച് ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച്. മത്സരത്തിലെ തോൽവിയിൽ വളരെയധികം വിഷമമുണ്ടെന്നു പറഞ്ഞ മോഡ്രിച്ച് മൂന്നാം സ്ഥാനത്തിന് വേണ്ടി പൊരുതുമെന്നും വെളിപ്പെടുത്തി. മറ്റൊരു ലോകകപ്പ് ഫൈനൽ കൂടി കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നു പറഞ്ഞ മോഡ്രിച്ച് ലയണൽ മെസിക്ക് ആശംസകളും നേർന്നു.
“അതിങ്ങനെയാകരുതായിരുന്നു, പക്ഷെ അതിൽ നിന്നും മോചിതരായി മൂന്നാം സ്ഥാനത്തിനുള്ള മത്സരം വിജയിക്കാൻ ശ്രമിക്കണം. ഞങ്ങൾക്ക് സങ്കടമുണ്ട്, മറ്റൊരു ഫൈനലിൽ കളിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു.” മുപ്പത്തിയേഴുകാരനായ മോഡ്രിച്ച് പറഞ്ഞു. ഇനിയൊരു ലോകകപ്പിൽ കളിക്കാൻ അവസരമുണ്ടാകില്ലെന്ന് ഉറപ്പുള്ള മോഡ്രിച്ച് റഫറിയുടെ തീരുമാനങ്ങൾക്ക് എതിരെയും വിമർശനം നടത്തി. ആ തീരുമാനങ്ങളാണ് മത്സരം കൈവിടാൻ കാരണമായതെന്നാണ് മോഡ്രിച്ച് പറയുന്നത്.
“ഞങ്ങൾ നല്ല രീതിയിൽ മത്സരം നിയന്ത്രിച്ച് മുന്നോട്ടു പോവുകയായിരുന്നു. പക്ഷെ ഞങ്ങൾക്ക് അനുകൂലമായി ലഭിക്കേണ്ട കോർണർ നൽകാതിരുന്ന റഫറി അതിനു ശേഷം അർജന്റീനക്ക് പെനാൽറ്റി നൽകി. എന്നെ സംബന്ധിച്ചിടത്തോളം അത് പെനാൽറ്റിയല്ല. അതെല്ലാം മാറ്റിമറിച്ചു. അർജന്റീന താരം ഷൂട്ട് ചെയ്യുകയും ഗോൾകീപ്പറുമായി ഇടിച്ചു വീഴുകയും ചെയ്‌തു. അർജന്റീന താരമാണ് ഗോൾകീപ്പർക്കു നേരെ പോയത്. റഫറി അത് പെനാൽറ്റി നൽകിയെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.”
“അത് മത്സരത്തെ ചെറിയ രീതിയിൽ ബാധിച്ചു. പക്ഷെ ഞങ്ങൾക്കതിൽ മാറ്റം വരുത്താൻ കഴിയില്ല. അതിൽ നിന്നും മോചിതരായി അടുത്ത മത്സരം വിജയിക്കുകയെന്നേ ചെയ്യാൻ കഴിയൂ.” മോഡ്രിച്ച് പറഞ്ഞു. മൂന്നാംസ്ഥാനം ക്രൊയേഷ്യയെ സംബന്ധിച്ച് വലിയൊരു വിജയം തന്നെയാണെന്നും അതിനായി തയ്യാറെടുക്കുകയാണ് ചെയ്യേണ്ടതെന്നും പറഞ്ഞ മോഡ്രിച്ച് ലയണൽ മെസിക്ക് അഭിനന്ദനങ്ങളും നേർന്നു.
🎙| Luka Modrić: "I can't believe that penalty was awarded." @partidazocope pic.twitter.com/PLEHM5EBEM
— Madrid Xtra (@MadridXtra) December 13, 2022
“മികച്ചൊരു ലോകകപ്പായിരുന്നു ഞങ്ങൾക്കിത്. ഒരു മത്സരത്തിൽ വിജയിച്ചാൽ മൂന്നാം സ്ഥാനം ഞങ്ങൾക്ക് ലഭിക്കും.അത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു വിജയം തന്നെയാണ്. ലയണൽ മെസി ചരിത്രത്തിലെ തന്നെ മികച്ച താരമാണ്. ലോകകപ്പ് മെസി അർഹിക്കുന്നുണ്ട്.” മോഡ്രിച്ച് മത്സരത്തിന് ശേഷം പറഞ്ഞത് അർജന്റീന മാധ്യമം ഒലെ പുറത്തു വിട്ടു.