“ഇറ്റലിയുടെ ദുരിത പൂർണമായ ലോകകപ്പ് യാത്ര, 16 വർഷമായി തുടരുന്ന അസൂറികളുടെ ദുരന്തം “| Italy

ഫിഫയുടെ ലോക റാങ്കിംഗിൽ 131-ാം സ്ഥാനത്തുള്ള നോർത്ത് മാസിഡോണിയ, യൂറോ 2020 ചാമ്പ്യന്മാരായ ഇറ്റലിയെ ലോകകപ്പ് യോഗ്യത പ്ലെ ഓഫ് സെമി ഫൈനലിൽ കീഴടക്കി എന്ന് പറഞ്ഞാൽ ആരും ആദ്യമൊന്നും വിശ്വസിക്കാൻ മടിക്കും. പക്ഷെ ഇത് വിശ്വസിച്ചെ തീരു. ഇന്നലെ പലെർമോയിൽ നടന്ന പ്ലെ ഓഫ് പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ അലക്‌സാണ്ടർ ട്രാജ്‌കോവ്‌സ്‌കിയുടെ തകർപ്പൻ ഗോളിലൂടെയാണ് നോർത്ത് മാസിഡോണിയ ഇറ്റലിയ്‌ക്കെതിരെ 1-0 ന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്.

ഇന്നലത്തെ മത്സരത്തിൽ ഇങ്ങനെയൊരു ഫലം ആരും പ്രതീക്ഷിച്ചിരുന്നില്ല.2006 ലെ ഗ്രീസിന് ശേഷം ലോകകപ്പ് നഷ്‌ടമാകുന്ന ആദ്യത്തെ യൂറോപ്യൻ ചാമ്പ്യനായി ഇറ്റലി മാറി. 2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിന് നാല് തവണ ചാമ്പ്യന്മാരായ അസൂറികൾക്ക് നഷ്ടമായെങ്കിലും തുടർച്ചയായ മത്സരങ്ങൾ ജയിച്ച് കഴിഞ്ഞ യൂറോ കപ്പ് കിരീടം നേടി അവർ ശക്തമായി തിരുച്ചു വരികയും ചെയ്തു. പക്ഷെ യോഗ്യത റൗണ്ടിലെ അവസാന മത്സരങ്ങളിലെ മോശം പ്രകടനങ്ങൾ അവരെ പ്ലെ ഓഫ് വരെയെത്തിക്കുകയും തുടർച്ചയായ രണ്ടാം തവണയും വേൾഡ് കപ്പിൽ ഇടം ലഭിക്കാതെ പുറത്താവുകയും ചെയ്തു.

2006 ൽ ജർമനിയിൽ നടന്ന വേൾഡ് കപ്പിലാന് ഇറ്റലി അവസാനമായി കിരീടം സ്വന്തമാക്കിയത്. എന്നാൽ അതിനു ശേഷം ഒരിക്കൽ പോലും ഇറ്റലിക്ക് അവരുടെ പ്രതാപത്തിനൊത്ത പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. 2010 ,2014 വേൾഡ് കപ്പുകളിൽ യോഗ്യത നേടിയ ഇറ്റലിക്ക് 2018 , 2022 ഉം നഷ്ട്ടമായിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാർ എന്ന ലേബലിൽ 2010 ൽ സൗത്ത് ആഫ്രിക്കയിൽ എത്തിയ ഇറ്റലിക്ക് ഒരു മത്സരം പോലും ജയിക്കാൻ സാധിച്ചില്ല.

2010ല്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ ലോക ചാമ്പ്യന്മാര്‍ ഗ്രൂപ്പ് എഫില്‍ ഫിനിഷ് ചെയ്തത് ഏറ്റവും അവസാന സ്ഥാനക്കാരായി. പാരാഗ്വെ, സ്ലൊവാക്യ, ന്യൂസിലന്‍ഡ് എന്നിവരായിരുന്നു ഗ്രൂപ്പ് എഫില്‍ ഇറ്റലിക്കൊപ്പം ഉണ്ടായിരുന്നത്. ഇറ്റലിക്കവിടെ നേടാനായത് 2 സമനിവയും ഒരു തോല്‍വിയും. പാരാഗ്വെ,ന്യൂസിലന്‍ഡ് എന്നിവർക്കെതിരേ സമനില വഴങ്ങിയ ഇറ്റലിക്ക് സ്ലൊവാക്യയോട് തോൽവി വഴങ്ങേണ്ടിയി വരികയും ചെയ്തു.

2014 ലോകകപ്പില്‍ ബ്രസീലില്‍ പന്തുരുണ്ടപ്പോള്‍ കടുത്ത ഗ്രൂപ്പിലായിരുന്നു ഇറ്റലി ഉള്‍പ്പെട്ടത്. ഇംഗ്ലണ്ട്, കോസ്റ്റ റിക്ക, യുറുഗ്വെ എന്നിവരായിരുന്നു ഗ്രൂപ്പില്‍ ഒപ്പമുണ്ടായിരുന്നത്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇറ്റലി ഇവിടെ തുടങ്ങിയത്. എന്നാല്‍ എല്ലാം പിന്നാലെ തകര്‍ന്നടിഞ്ഞു. പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ഇറ്റലി തോൽവി അറിഞ്ഞു. മൂന്ന് പോയിന്റോടെ തുടരെ രണ്ടാം ലോകകപ്പിലും ഇറ്റലി നാണംകെട്ടു മടങ്ങി.

2018 വേൾഡ് കപ്പിൽ സ്പെയിന് പിന്നിൽ രണ്ടാമതായതോടെ ഇറ്റലിക്ക് പ്ലെ ഓഫ് കളിക്കേണ്ടി വന്നു.ആദ്യ പാദത്തില്‍ 1-0ന് സ്വീഡന്‍ ജയിച്ചു. രണ്ടാം പാദം ഗോള്‍ രഹിത സമനില. ഇതോടെ ഇറ്റലിയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചു എന്നാൽ അവിടെ നിന്നും പുതു ശക്തിആയ്യി ഉയർന്നെഴുനേറ്റ ഇറ്റലി യൂറോ കിരീടം നേടി തങ്ങളുടെ ശക്തി തെളിയെച്ചെങ്കിലും ലോകകപ്പ് എന്നത് ബാലികേറാമലയായി അവരുടെ മുന്നിൽ നിന്ന്. ഇറ്റലിയില്ലാതെ ലോകകപ്പ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് സങ്കല്പിക്കാനാവാത്തതാണ്. എന്നാൽ 2026 ലെ വേൾഡ് കപ്പിൽ അവർ ശക്തമായി തന്നെ തിരിച്ചു വരും എന്ന വിശ്വാസത്തിലാണ് ആരാധകർ.

Rate this post