❝സ്വന്തം മണ്ണിൽ ദുരന്തമായി ഇംഗ്ലണ്ട് : ഇറ്റലിയെ തകർത്ത് ജർമൻ പടയോട്ടം : വെയ്ൽസിനെയും കീഴടക്കി ഡച്ച് പട : പോളിഷ് പ്രതിരോധം തകർത്ത് ബെൽജിയം❞ |UEFA Nations Leagu

യുവേഫ നേഷൻസ്‌ ലീഗിൽ തുടർച്ചയായ മൂന്ന് സമനിലകൾക്ക് ശേഷം സ്വന്തം നാട്ടിൽ തകർപ്പൻ ജയവുമായി ജർമ്മനി. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഇറ്റാലിയയെയാണ് ജർമ്മനി തകർത്ത് വിട്ടത്.ജർമ്മനിക്കായി യോഷ്വാ കിമ്മിച്ച്, ഇൽകായ് ഗുണ്ടോഗൻ, തോമസ് മുള്ളർ എന്നിവർ ഓരോ ഗോൾ നേടിയപ്പോൾ, തിമോ വെർണർ രണ്ട് തവണ ഇറ്റാലിയൻ വല കുലുക്കി. ഗുണ്ടോഗന്റെ ഗോൾ പെനാൽറ്റിയിൽ നിന്നായിരുന്നു.

നാല് മത്സരങ്ങളിൽ ജർമ്മനിയുടെ ആദ്യ നേഷൻസ് ലീഗ് വിജയമാണിത്, ഫ്ലിക്കിന്റെ ആദ്യ വിജയമാണിത്.ഈ മാസം ആദ്യം ഇംഗ്ലണ്ടിനെതിരെയും ഇറ്റലിക്കെതിരെയും സമനില വഴങ്ങിയതിന് ശേഷം കഴിഞ്ഞയാഴ്ച ഹംഗറിക്കെതിരെ 1-1 സമനിലയിൽ പിരിഞ്ഞിരുന്നു.മാർച്ചിൽ നടന്ന സൗഹൃദ രാജ്യാന്തര മത്സരത്തിലും അവർ നെതർലൻഡുമായി 1-1ന് സമനില നേടിയിരുന്നു.തന്റെ രണ്ടാം മത്സരം മാത്രം കളിക്കുന്ന ഇറ്റാലിയൻ യുവ താരം ഗ്നോന്റോ ഇന്നലെ നേടിയ ഗോളോടെ രാജ്യത്തിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.ജയത്തോടെ 6 പോയിന്റുമായി ജർമ്മനി ഗ്രൂപ്പ് സിയിൽ ഹംഗറിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. 5 പോയിന്റുള്ള ഇറ്റലി ഒന്നാം സ്ഥാനത്ത്‌ നിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണു.

മറ്റൊരു മത്സരത്തിൽ സ്വന്തം മണ്ണിൽ ഹംഗറിയോട് നാണംകെട്ട് ഇംഗ്ലണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.ഹംഗറിക്കായി റോളണ്ട് സല്ലായ് രണ്ട് ഗോളുകൾ നേടിയപ്പോൾ നാഗി, ഗസ്ഡാഗ് എന്നിവരും സ്‌കോർ ചെയ്തു. മൂന്ന് ഗോളുകൾ രണ്ടാം പകുതിയിലായിരുന്നു. 1928ന് ശേഷം ഒരു ഹോം മത്സരത്തിൽ ഇംഗ്ലണ്ട് നേരിടുന്ന ഏറ്റവും വലിയ തോൽവിയാണിത്. 1953-ൽ വെംബ്ലിയിൽ നടന്ന പ്രസിദ്ധമായ 6-3 വിജയത്തിന് ശേഷം ഇംഗ്ലണ്ടിനെതിരായ ആദ്യ എവേ വിജയമായിരുന്നു ഹംഗറിയുടെ.ഈ മാസം ആദ്യം നടന്ന റിവേഴ്സ് മത്സരത്തിൽ ഹംഗറിയോട് 1-0 തോൽവി ഉൾപ്പെടെ നാല് കളികളിൽ നിന്ന് രണ്ട് പോയിന്റുമായി ഇംഗ്ലണ്ട് അവരുടെ നേഷൻസ് ലീഗ് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ജർമ്മനിക്കും ഇറ്റലിക്കും മുന്നിൽ ഏഴ് പോയിന്റുള്ള ഹംഗറി ഗ്രൂപ്പിൽ ഒന്നാമതാണ്.

ഗ്രൂപ്പ് ജേതാക്കൾ അടുത്ത ജൂണിൽ നേഷൻസ് ലീഗ് ഫൈനലിലേക്ക് പോകുമ്പോൾ താഴെയുള്ള ടീം തരംതാഴ്ത്തപ്പെടും.വാരാന്ത്യത്തിൽ ഇറ്റലിയോട് സമനില വഴങ്ങിയ ടീമിൽ നിന്ന് സൗത്ത്ഗേറ്റ് ഒമ്പത് മാറ്റങ്ങൾ വരുത്തി ചില മുൻനിര കളിക്കാർക്ക് അവസരം നൽകിയാണ് ഇന്നലെ ഇറങ്ങിയത്.കിട്ടിയ അവസരങ്ങളിൽ എതിർ ഗോൾ മുഖത്തേക്ക് കുതിച്ച ഹംഗേറിയൻ മുന്നേറ്റ നിര ഇംഗ്ലീഷ് ഡിഫൻസിന്റെ പിഴവുകൾ മുതലാക്കി ഗോളുകൾ കണ്ടെത്തുകയായിരുന്നു. അതേസമയം, ഫിനിഷിങ്ങിലെ പോരായ്മ ഇംഗ്ലണ്ടിന്റെ പതനത്തിന് വഴിവെച്ചു. 1928 മാർച്ചിൽ സ്‌കോട്ട്‌ലൻഡ് 5-1 ന് തോൽപ്പിച്ചതിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഹോം മാച്ചിൽ നാലോ അതിലധികമോ ഗോളുകൾക്ക് തോൽക്കുന്നത്.നേഷൻസ്‌ ലീഗ് ഗ്രൂപ്പ് സിയിൽ രണ്ട് പോയിന്റ് മാത്രമുള്ള ഇംഗ്ലണ്ട് അവസാന സ്ഥാനത്ത്‌ തുടരുകയാണ്. ഇറ്റലിയും ജർമ്മനിയുമാണ് ഇനി ഇംഗ്ലണ്ടിന്റെ എതിരാളികൾ. 4 മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുള്ള ഹംഗറിയാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്.

റോട്ടർഡാമിൽ നടന്ന ഗ്രൂപ്പ് എ 4 പോരാട്ടത്തിൽ വെയ്ൽസിനെതിരെ 3-2 ന് നാടകീയമായ വിജയം നേടി ഗ്രൂപ്പ് ലീഡർമാരായ നെതർലൻഡ്‌സ്.ഇഞ്ചുറി ടൈമിൽ മെംഫിസ് ഡിപേ നേടിയ ഗോളിന്റെ പിൻബലത്തിലാണ് ഡച്ച് ടീം വിജയം നേടിയത്. 17 ആം മിനുട്ടിൽ നോവ ലാങ് ഡച്ച് ടീമിനെ മുന്നിലെത്തിച്ചു, 23 ആം മിനുട്ടിൽ കോഡി ഗാക്‌പോ ലീഡുയർത്തി. 26 ആം മിനുട്ടിൽ ബ്രണ്ണൻ ജോൺസൺ വെയ്ൽസിനു വേണ്ടി ഒരു ഗോൾ മടക്കി. ഹോള ഡിവിജയത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ ഇഞ്ചുറി ടൈമിൽ ബെയ്ൽ വെയ്ൽസിന്റെ സമനില ഗോൾ നേടി. പെനാൽറ്റിയിൽ നിന്നായിരുന്നു ബെയ്‌ലിന്റെ ഗോൾ.എന്നാൽ തൊട്ടടുത്ത മിനുട്ടിൽ ഡിപ്പായ് ഡച്ച് ടീമിന്റെ വിജയ ഗോൾ നേടി.നാല് കളികളിൽ നിന്ന് 10 പോയിന്റുമായി ഗ്രൂപ്പ് നാലിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തേക്കാൾ മൂന്ന് പോയിട്ടുമായി നെതർലൻഡ്സ് മുന്നിലാണ്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൽജിയം ആദ്യ പകുതിയിൽ മിച്ചി ബാറ്റ്‌ഷുവായി നേടിയ ഡൈവിംഗ് ഹെഡർ ഗോളിലൂടെ പോളണ്ടിനെ പരാജയപ്പെടുത്തി.രണ്ട് ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ മാർട്ടിനെസിന്റെ ടീം നെതർലാൻഡിനെ മൂന്ന് പോയിന്റിന് പിന്നിലാണ്.സെപ്റ്റംബറിൽ ഇരുവരും ഏറ്റുമുട്ടുമ്പോൾ ഗ്രൂപ്പ് വിജയികളെ നിശ്ചയിക്കും.