കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് കരുത്ത് പകരാൻ ബംഗളുരു എഫ് സിയിൽ നിന്നും ഇന്ത്യൻ സ്‌ട്രൈക്കറെത്തുന്നു |kerala Blasters

ബംഗളൂരു എഫ്‌സി സ്‌ട്രൈക്കർ ബിദ്യാഷാഗർ സിങ്ങിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്.2023 വരെ നീളുന്ന വായ്പയിലാണ് ഈ യുവ സ്‌ട്രൈക്കർ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ബിദ്യാഷാഗർ ,

ടിഡിം റോഡ്‌ അത്‌ലറ്റിക്‌ യൂണിയൻ എഫ്‌സിയിൽ കളിജീവിതം ആരംഭിച്ച ഈ ഇരുപത്തിനാലുകാരൻ സ്‌ട്രൈക്കർ 2016ൽ ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സിക്കൊപ്പമാണ് പ്രെഫഷണൽ കരിയറിന് തുടക്കം കുറിച്ചത്. 2016-17 അണ്ടർ 18 ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെ ഫൈനലിൽ എത്തിച്ചതോടെയാണ്‌ താരം ആദ്യമായി ശ്രദ്ധേയനാകുന്നത്‌. ടൂണമെന്റിൽ ആറ്‌ ഗോളുകൾ നേടിയ താരം 2018ൽ സീനിയർ ടീമിനായും അരേങ്ങേറി. രണ്ട്‌ സീസണിലായി സീനിയർ ടീമിനുവേണ്ടി 12 മത്സരങ്ങളിൽ താരം കളിച്ചു.

2020ൽ ഐ ലീഗ്‌ ക്ലബ്ബ്‌ ട്രാവുവുമായി ബിദ്യാഷാഗർ കരാർ ഒപ്പിട്ടു. ഈ നീക്കം അദ്ദേഹത്തിന്റെ ഫുട്‌ബോൾ ജീവിതത്തിലെ വലിയ വഴിത്തിരിവായി. 15 മത്സരങ്ങളിൽ 12 ഗോളുകൾ നേടി. ഇതിൽ രണ്ട്‌ ഹാട്രിക്കും ഉൾപ്പെടും. ആ വർഷം ട്രാവുവിനെ മൂന്നാം സ്‌ഥാനത്തേക്ക്‌ നയിച്ചു. ആക്രമണനിരയിലെ ഈ പ്രകടനങ്ങൾ അദ്ദേഹത്തിന്‌ നിരവധി വ്യക്തിഗത അംഗീകാരങ്ങൾ നേടിക്കൊടുത്തു. ടോപ്‌ സ്‌കോറർ പുരസ്‌കാരം, ഹീറോ ഓഫ്‌ ദി സീസൺ എന്നിവയ്‌ക്കൊപ്പം ഐ ലീഗ്‌ ടീം ഓഫ്‌ ദി സീസണിൽ സ്ഥാനവും നേടിക്കൊടുത്തു.ഐ ലീഗിലെ മിന്നുന്ന പ്രകടനത്തെതുടർന്ന്‌ അദ്ദേഹം ബംഗളൂരു എഫ്‌സിയുമായി കരാർ ഒപ്പ്‌ വച്ചു. വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ഇറങ്ങിയ താരം 11 കളികളിൽ നിന്ന് മൂന്ന്‌ ഗോളുകളും നേടി.

.സൗരവ് മണ്ഡലിനും ബ്രൈസ് മിറാൻഡയ്ക്കും ശേഷമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി സമ്മർ സീസണിൽ കരാർ ഒപ്പിടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ്‌ ബിദ്യാഷാഗർ സിങ്‌. വരാനിരിക്കുന്ന ഹീറോ ഐ‌എസ്‌എൽ 2022/23 സീസണിനായി ടീം തയ്യാറെടുക്കുമ്പോൾ ബിദ്യാഷാഗർ ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് പുതിയ മാനം നൽകും. യുഎഇയിൽ നടക്കുന്ന മൂന്ന് സൗഹൃദ മത്സരങ്ങളിലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുമ്പോൾ ദുബായിൽ വച്ച് ബിദ്യാഷാഗർ സഹതാരങ്ങളുമായി ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.