മെസ്സിയെ സൈൻ ചെയ്യുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്റർമിലാൻ.
സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച അന്ന് മുതൽ താരത്തെ സ്വന്തമാക്കാൻ താല്പര്യമുള്ള ടീമുകളുടെ പേരുകളും വളരെ ശക്തമായി തന്നെ ട്രാൻസ്ഫർ വിൻഡോയിൽ നിലനിന്നിരുന്നു. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി മുൻപന്തിയിലും തുടർന്ന് ഇന്റർമിലാൻ, പിഎസ്ജി, യുവന്റസ്, മാഞ്ചസ്റ്റർ യൂണിറ്റെഡ് എന്നിവരൊക്കെ പിറകിലുമായിട്ടാണ് നിന്നിരുന്നത്. ഇന്റർമിലാൻ താരത്തെ ക്ലബ്ബിൽ എത്തിക്കാൻ ഏറ്റവും മുമ്പിലുണ്ട് എന്നായിരുന്നു വാർത്തകൾ.
എന്നാൽ ഈ വാർത്തകളെ തീർത്തും നിരസിച്ചിരിക്കുകയാണ് ഇന്റർ മിലാൻ സ്പോർട്ടിങ് ഡയറക്ടർ പിയലോ ഓസിലിയോ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇന്റർമിലാന് താങ്ങാവുന്നതിലും അപ്പുറമാണ് മെസ്സിയെന്നും ഒരു താരത്തിനായി ഇത്രയും തുകയെന്നും തങ്ങൾ ചിലവഴിക്കാൻ പോകുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇത്തരം വാർത്തകളും ആശയങ്ങളും വാർത്തകളും എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് തങ്ങൾക്ക് അറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Inter Milan chief addresses Lionel Messi transfer links with clear statementhttps://t.co/v4m7rbup27
— Mirror Football (@MirrorFootball) September 1, 2020
” ഇത്തരത്തിലുള്ള ആശയങ്ങൾ എവിടെ നിന്നാണ് പൊട്ടിപുറപ്പെടുന്നത് എന്നെനിക്കറിയില്ല. നമ്മൾ മെസ്സിയെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തെ വേണ്ട എന്ന് പറയുന്ന ഒരു ക്ലബും ഇവിടെ ഉണ്ടാവില്ല. പക്ഷെ ട്രാൻസ്ഫർ മാർക്കെറ്റിൽ കാര്യങ്ങൾ വ്യത്യസ്ഥമാണ്. നമ്മൾ കാര്യക്ഷമമായും സൂക്ഷമതയോടെയും കാര്യങ്ങളെ നോക്കിക്കാണണം. എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങൾക്ക് അറിയാം അവസരങ്ങൾ കുറവാണ് എന്ന യാഥാർത്ഥ്യം ഞങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അതിനാൽ ഇത്രയും ചിലവറിയ രൂപത്തിൽ ഒന്നും ഞങ്ങൾ പണം ചിലവഴിക്കാൻ ഉദ്ദേശിക്കുന്നില്ല ” ഇന്റർ ഡയറക്ടർ അഭിമുഖത്തിൽ പറഞ്ഞു.
ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ കുറവായി കൊണ്ടിരിക്കുകയാണ്. ഇന്റർ പിന്മാറിയ സാഹചര്യത്തിൽ ചെറിയ രീതിയിൽ വെല്ലുവിളി ഉയർത്തുന്നത് പിഎസ്ജിയാണ്. എന്നാൽ പണം വാരിയെറിയാൻ പിഎസ്ജിയും ഒരുക്കമല്ല എന്ന് വ്യക്തമായതാണ്. അതിന് തെളിവാണ് ഈ സീസണിൽ ഒരു താരത്തെ പോലും പിഎസ്ജി ക്ലബ്ബിൽ എത്തിക്കാത്തത്. അതിനാൽ തന്നെ മെസ്സിക്ക് ക്ലബ് വിടാൻ അനുമതി ലഭിച്ചാൽ താരം തീർച്ചയായും ചേക്കേറുക മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ ആയിരിക്കും.