വെട്ടിപ്പിടിച്ചു മതി തീരാതെ റൊണാൾഡോ

ഞായറാഴ്ച്ച സാസുവോളൊക്കെതിരെ ജുവെൻടസ് നേടിയ മൂന്നാം ഗോളിൽ റൊണാൾഡോ തന്റെ പേരിൽ പുതിയൊരു റെക്കോർഡ് കുറിച്ചിരിക്കുകയാണ്.

ഞായറാഴ്ച നടന്ന ജുവെൻടസ് സാസുവോളൊ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജുവെൻടസ് ജയിച്ചിരുന്നു. മത്സരത്തിലെ വിജയികളുടെ മൂന്നാം ഗോൾ നേടിയ പറുങ്കിപടയുടെ കപ്പിത്താൻ തന്റെ പേരിൽ ചരിത്രപരമായ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. തന്റെ കരിയറിലെ 759മത്തെ ഗോൾ താരത്തെ ഓസ്ട്രിയൻ-ചെക്ക് ഫുട്ബോൾ ഇതിഹാസം ജോസെഫ് ബിക്കാന്റെ റെക്കോർഡിനൊപ്പം എത്തിച്ചിരിക്കുകയാണ്.

1931-1955 എന്നീ കാലയളവിൽ ഇതിഹാസ താരം നേടിയ 759 ഗോളുകൾ എന്ന സുവർണ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. താരം ഈ വർഷത്തിന്റെ ആദ്യ ആഴ്ച്ചയിൽ തന്നെ ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡ് തകർത്തിരുന്നു. ഇപ്പോൾ 759 ഗോളുകളോടെ ജുവെന്റ്‌സ് നായകൻ സർവകാല ടോപ്പ് സ്‌കോറർമാരുടെ പട്ടികയിൽ ബിക്കാനോടൊപ്പം എത്തിയിരിക്കുകയാണ്.

ഈ യുഗത്തിൽ ക്രിസ്ത്യാനോയുടെ എതിരാളിയായ അർജന്റീന നായകൻ മെസ്സിയാകട്ടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

ഈ വരുന്ന പതിനാലാം തീയതി ജുവെന്റ്‌സിന് ജനോവക്കെതിരെ ലീഗ് പോരാട്ടമുണ്ട്. 34കാരനായ റൊണാൾഡോയ്ക്ക് ഒരു ഗോൾ മതി ലോക ഫുട്ബോൾ ചരിത്രത്തിലെ സർവ കാല ടോപ്പ് സ്‌കോറർ ആവാൻ.

പ്രായം കൂടുമ്പോൾ വീര്യം വർധിക്കുന്ന വിഞ്ഞിനെ പോലെ പ്രായം തളർത്താത്ത ക്രിസ്ത്യാനോയുടെ പോരാട്ടവീര്യത്തിനു മുന്നിൽ ഫുട്ബോൾ റെക്കോർഡുകൾ തകരുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം…